Education

കുട്ടികൾക്ക് ഇന്റർനെറ്റിൽ സൈബർ സുരക്ഷാ! ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

സ്കൂൾ വിദ്യാർഥികൾക്കു സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടുന്ന സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) പ്രസിദ്ധീകരിച്ചു. സ്ഥാപന മേധാവികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം മാർഗനിർദേശങ്ങളുണ്ട്.

സ്കൂളുകൾ വർഷത്തിൽ രണ്ടുതവണയെങ്കിലും സൈബർ സേഫ്റ്റി ഓഡിറ്റ് നടത്തണം. സുരക്ഷിതമായ പാസ്‍വേ‍ഡ്, സേഫ് സേർച്ചിങ് മാർഗങ്ങൾ, തടസ്സം കൂടാതെ ഇന്റർനെറ്റ് സൗകര്യം അധ്യാപകർക്കും വിദ്യാർഥികൾക്കും ലഭ്യമാക്കൽ, അധ്യാപകരുടെ നിരീക്ഷണത്തിൽ മാത്രം കുട്ടികൾ സ്കൂൾ ഇന്റർനെറ്റ് ഉപയോഗിക്കൽ എന്നിവ പ്രധാനാധ്യാപകന്റെ ചുമതലയാണ്.

അധ്യാപകർ ഐടി പഠനസാമഗ്രികൾ മുൻകൂട്ടി തയാറാക്കണം. കുട്ടികളുടെ സാന്നിധ്യത്തിൽ ഇന്റർനെറ്റിൽ നിന്നു വിവരം ശേഖരിക്കുമ്പോൾ അനുയോജ്യമല്ലാത്ത വിഭവങ്ങൾ പ്രദർശിപ്പിക്കാനിടയുള്ളതു കൊണ്ടാണിത്. കുട്ടികൾക്കു പ്രോജക്ടുകൾ നൽകുമ്പോൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തിയ സൈറ്റുകൾ മാത്രം നിർദേശിക്കണം.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾ ഉപയോഗിച്ചു സൈബർ ചതിക്കുഴികൾ തിരിച്ചറിയാനും സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാനും പരിഹാരം കാണാനും ഇന്ററാക്ടീവ് ഗെയിമുകൾ ഉൾപ്പെടെ എജ്യുടെയ്ൻമെന്റ് മാതൃകയിൽ വിപുലമായ പദ്ധതികൾ അടുത്ത വർഷം നടപ്പാക്കുമെന്നു കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് പറഞ്ഞു. സൈബർ സേഫ്റ്റി പ്രോട്ടോകോൾ www.kite.kerala.gov.in ൽ ലഭ്യമാണ്.

വിദ്യാർഥികൾക്കു 7 നിർദേശങ്ങൾ

1. പൊതു ഇടങ്ങളിലെ കംപ്യൂട്ടറുകളിൽ വ്യക്തിവിവരങ്ങളും ചിത്രങ്ങളും സൂക്ഷിക്കാതിരിക്കുക

2. വിശ്വസനീയമല്ലാത്ത സൈറ്റുകളിൽ നിന്നുളള വിവരങ്ങൾ ഡൗൺലോ‍ഡ് ചെയ്യാതിരിക്കുക

3. മൊബൈൽ ഫോൺ, ലാപ്‍ടോപ് തുടങ്ങിയവ അപരിചിതരെ ഏൽപിക്കാതിരിക്കുക

4. സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പങ്കുവയ്ക്കാതിരിക്കുക

5. നെറ്റിലൂടെ സൗഹൃദം സ്ഥാപിക്കുന്ന അപരിചിതരെ നേരിട്ടു കാണാതിരിക്കുക

6. രക്ഷിതാക്കളുടെ ക്രെഡിറ്റ് കാർഡ് നമ്പർ, പിൻ, പാസ്‍വേഡ് എന്നിവ ശേഖരിക്കുകയോ കൈമാറുകയോ ചെയ്യാതിരിക്കുക, അവ കൈമാറ്റം ചെയ്യാതിരിക്കുക

7. ഓൺലൈൻ ഗെയിമുകളിൽ വളരെ ശ്രദ്ധാപൂർവം മാത്രം ഇടപെടുക എന്നിവയാണു വിദ്യാർഥികൾക്കുള്ള നിർദേശങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *