Entertainments Gossips Movies

പേരൻപിനു ശേഷം മമ്മൂട്ടി-റാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

മമ്മൂട്ടി എന്ന ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാവിനെ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമാലോകം സ്‌ക്രീനില്‍ കാണും. പേരന്‍പ് എന്ന തമിഴ് ചിത്രത്തെ മമ്മൂട്ടി ആരാധകരും സിനിമാസ്വാദകരും വരവേല്‍ക്കുന്നതിങ്ങനെയാണ്. ദേശീയ പുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്ത ചിത്രത്തിലൂടെ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം താരം തമിഴിലെത്തുമ്പോള്‍ വലിയ സ്വീകരണം ലഭിക്കുന്നതും അതിനായി കാത്തിരിക്കുന്നതും മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള താരത്തിന്റെ മികച്ച പ്രകടനം കൊതിച്ചുകൊണ്ടാണ്.

പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ ടീസറുകളും ട്രെയിലറുമെല്ലാം. ഫെബ്രുവരി ഒന്നിന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ കഥ ആലോചിച്ചപ്പോള്‍ തന്നെ മമ്മൂട്ടിയെ പോലൊരാള്‍ തന്നെ ചിത്രം ചെയ്യണമെന്നാഗ്രഹിച്ചിരുന്നതായി സംവിധായകന്‍ റാം പറഞ്ഞു. സിനിമാ എക്‌സപ്രസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റാം മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം വ്യക്തമാക്കിയത്.

ചിത്രത്തിന്റെ കഥ പറഞ്ഞപ്പോല്‍ തന്നെ അദ്ദേഹം ചിത്രം ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ഒക്കെ പറഞ്ഞതെന്ന് ചോദിച്ചിട്ടില്ല. എന്തോ ഇഷ്ടപ്പെടുന്ന ഒരു കാര്യം ഉണ്ടാകണം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാന്‍ ഒരുപാട് കാത്തിരുന്നുവെന്ന് പറയുന്ന സംവിധായകന്‍ സിനിമ ഉടനെ റിലീസ് ചെയ്യില്ലെന്നും ഫെസ്റ്റിവലുകളില്‍ കൊണ്ടു പോകണമെന്ന് ആഗ്രഹമുണ്ടെന്നും മമ്മൂട്ടിയോടും നിര്‍മാതാക്കളോടും മുന്‍പേ പറഞ്ഞിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി സാറിനൊപ്പമുള്ള അനുഭവത്തെക്കുറിച്ചു പറയുകയാണെങ്കില്‍ നാന്നൂറോളെ ചിത്രങ്ങളുടെ അനുഭവമദ്ദേഹത്തിനുണ്ട്. ഒരു ഷോട്ട് എടുക്കുമ്പോള്‍ അതിന്റെ ആവശ്യകത അദ്ദേഹത്തിന് അറിയാം, അത് പടത്തില്‍ വരുമോ ഇല്ലയോ എന്നദ്ദേഹത്തിനറിയാം, നിങ്ങള്‍ക്കദ്ദേഹത്തെ പറ്റിക്കാനാവില്ല.

കഥാപാത്രമായി എങ്ങനെ അദ്ദേഹം മാറി എന്നു ചോദിച്ചാല്‍ സിമ്പിളായി ആ കഥാപാത്രം ഞാനാണെന്ന് വിചാരിച്ചുവെന്നദ്ദേഹം പറയും, പക്ഷേ ക്യാമറയില്‍ ലെന്‍സിന് മുന്നില്‍ ഫില്‍റ്റര്‍ ഇട്ട് വ്യത്യസ്ഥ ഷോട്ടുകളെടുക്കുന്നത് പോലെ അദ്ദേഹം വ്യത്യസ്ത ഭാവങ്ങള്‍ തരും. ചിത്രത്തിനായി മമ്മൂട്ടിയുടെ സൗന്ദര്യം കുറയ്ക്കുകയായിരുന്നു ഏക വെല്ലുവിളി എന്നു പറഞ്ഞ സംവിധായകന്‍ അതിനായിട്ടാണ് താടി വളര്‍ത്താന്‍ പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ താടി വളര്‍ത്തിയത് പോലും വളരെ ആത്മാര്‍ഥതോടെയാണ് അദ്ദേഹം ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആറ് മാസം കഴിഞ്ഞായിരുന്നു നടന്നത്. എല്ലാ ദിവസവും ഷൂട്ടിങ്ങിന് പോകുന്ന വ്യക്തിയായിട്ട് കൂടി ആ കണ്ടിന്യുവിറ്റി അദ്ദേഹം മുന്നോട്ട് കൊണ്ടു പോയിരുന്നു. ഡബ്ബിങ്ങ് കൃത്യമായിരിക്കണമെന്നുള്ളത് കൊണ്ട് 40 ദിവസമാണ് ക്ഷമയോടെ അദ്ദേഹം അതിനു വേണ്ടി ചെലവഴിച്ചത്.

മമ്മൂട്ടിയെ പോലെ മികച്ച പരിചയസമ്പത്തുള്ള അഭിനേതാക്കളായിരുന്നതിനാല്‍ മുന്‍ ചിത്രങ്ങളിലെ പോലെ അഭിനേതാക്കളുടെ കാര്യം കൂടുതല്‍ ശ്രദ്ധിക്കേണ്ട ആവശ്യം ചിത്രത്തിലുണ്ടായിരുന്നില്ലെന്ന് റാം പറഞ്ഞു. വളരെ ജോളിയായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുന്നോട്ട് കൊണ്ടു പോയത്. വീണ്ടും ഒരുമിച്ച് ചിത്രം ചെയ്യണമെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയ റാം അതിനു ചേര്‍ന്ന കഥ ഒത്തു വരുമ്പോള്‍ വീണ്ടും ഒന്നിക്കുമെന്നും ഉറപ്പു നല്‍കി.

‘തങ്കമീന്‍കള്‍’ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍, എന്നിവരും പ്രധാന വേഷങ്ങളില്‍ പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് പേരന്‍പിന് ഈണം നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്റെ പ്രീമിയര്‍ 47ാമത് റോട്ടര്‍ഡാം ചലച്ചിത്രമേളയിലാണ് നടന്നത്. 187 ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ തെരഞ്ഞെടുത്ത 20 ചിത്രങ്ങളില്‍ പേരന്‍പും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ ജൂണില്‍ ചൈനയിലെ ഷാംഗ്ഹായ് ചലച്ചിത്രമേളയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ ഗോവന്‍ ചലച്ചിത്രമേളയിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *