Entertainments Review

സൂപ്പറാണ് വിജയ്‌യും പൗർണമിയും; റിവ്യു…

“ഈ വിവാഹമെന്നു പറയുന്നത്, അറിയാത്തവർ കാപ്പിയിടാൻ ശ്രമിക്കുന്നതുപോലെയാണ്. ആദ്യമൊക്കെ കടുപ്പം കൂടാം, കുറയാം… പക്ഷേ ക്രമേണ അതിന്റെ കൂട്ടുകൾ എല്ലാം ശരിയായിവരും”….

വിവാഹപ്രായമെത്തിയ ചെറുപ്പക്കാർ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും അനുഭവിക്കുന്ന സമ്മർദങ്ങളും, ന്യൂജെൻ കാലത്തും മാറ്റമില്ലാതെ തുടരുന്ന പെണ്ണുകാണൽ എന്ന ആചാരത്തിന്റെ രസങ്ങളും കേന്ദ്രബിന്ദുവാക്കി ഒരുക്കിയ ഫാമിലി എന്റർടെയ്നറാണ് ‘വിജയ് സൂപ്പറും പൗര്‍ണമിയും’. ആസിഫ് അലി- ജിസ് ജോയ് കൂട്ടുകെട്ടിലെ മൂന്നാമത് ചിത്രമാണിത്. ഇതിനു മുമ്പിറങ്ങിയ ബൈസിക്കിള്‍ തീവ്‌സും സണ്‍ഡേ ഹോളിഡേയും മികച്ച വിജയമാണു നേടിയത്. അതിനാല്‍ത്തന്നെ ഇരുവരും ഒന്നിക്കുന്ന മൂന്നാം ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ആ പ്രതീക്ഷകൾ തെറ്റിയിട്ടില്ല എന്ന് ഉറപ്പിച്ചുപറയാം. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ.കെ. സുനില്‍ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ജിസ് ജോയ് തന്നെ….

ഐശ്വര്യ ലക്ഷ്മി ആണ് നായികാവേഷത്തില്‍ എത്തുന്നത്. ബാലു വര്‍ഗീസ്, ജോസഫ് അന്നംക്കുട്ടി, രഞ്ജി പണിക്കര്‍, സിദ്ദിഖ്, അജു വര്‍ഗീസ്, ശാന്തി കൃഷ്ണ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. രണദിവയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രിന്‍സ് ജോര്‍ജ് സംഗീതവും രതീഷ് രാജ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു….

റിവ്യു…

കുടുംബമായി പോയി പേടി കൂടാതെ കാണാവുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ സവിശേഷത. ദ്വയാർഥ പ്രയോഗങ്ങളില്ലാതെ തന്മയത്വത്തോടെ പുതിയതലമുറയുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചിരിക്കുന്നു. വിജയ്ക്കും പൗർണമിക്കുമിടയിൽ രൂപപ്പെടുന്ന പ്രണയം പോലും മാംസനിബദ്ധമാകാതെ സൂക്ഷിക്കാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ, വിവാഹപ്രായമെത്തിയ ഭൂരിഭാഗം ചെറുപ്പക്കാർക്കും ആ കടമ്പ കടന്നവർക്കും ‘അതുതാനല്ലയോ ഇത് എന്ന് വർണ്യത്തിലാശങ്ക’ തോന്നിക്കാൻ സാധിക്കുന്നിടത്താണ് വിജയ്‍യും പൗർണമിയും സൂപ്പറാകുന്നത്….

Leave a Reply

Your email address will not be published. Required fields are marked *