Latest News

പഞ്ചാബില്‍ നിന്ന് ആലപ്പുഴയിലേക്ക് ട്രെയിന്‍ ഇഴഞ്ഞെത്താന്‍ എടുത്തത് പതിനൊന്ന് മാസം; പാഴാക്കിയത് 60 ടണ്‍ ഗോതമ്പ്

ആലപ്പുഴ: ഗുഡ്‌സ് ട്രെയിന്‍ പഞ്ചാബില്‍ നിന്നും കേരളത്തിലേക്ക് എത്താന്‍ എടുത്തത് പതിനൊന്ന് മാസം. 3000 ത്തോളം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇത്രയും സമയം പാഴാക്കിയ റെയില്‍വെയുടെ മെല്ലെപ്പോക്ക് നഷ്ടപ്പെടുത്തിയത് കേരളത്തിന്റെ 60 ടണ്‍ ഗോതമ്പ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച 60 ടണ്‍ ഗോതമ്പുമായി 2018 ഫെബ്രുവരിയിലാണ് ഗുഡ്‌സ് ട്രെയിന്‍ കേരളത്തിലേക്ക് പുറപ്പെട്ടത്.

ലോകത്തിലെ നാലാമത്തെ റെയില്‍വെ ശൃംഖലയാണ് ഇന്ത്യയുടേത്. പഞ്ചാബില്‍ നിന്ന് പല വഴി കറങ്ങി ഗോതമ്പും കൊണ്ട് റെയില്‍വെ ലക്ഷ്യസ്ഥാനമായ ആലപ്പുഴയിലെത്തിയപ്പോള്‍ കടന്ന് പോയത് 11 മാസം. ബുധനാഴ്ച വൈകിട്ട് ആലപ്പുഴ റെയില്‍വെ യാര്‍ഡില്‍ എത്തിയപ്പോള്‍ 2018 ജനുവരി 10 ആയിരുന്നു കലണ്ടറില്‍. 11 മാസമായി ചുമന്നുകൊണ്ടുവന്ന 60 ടണ്‍ ഗോതമ്പും പുഴുവരിച്ചു.

ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗോതമ്പാണ് റെയില്‍വെയുടെ അനാസ്ഥ മൂലം നശിച്ചത്. സാധാരണഗതിയില്‍ 21 ഗുഡ്‌സ് വാഗണുകള്‍ ഒന്നിച്ചാണ് പുറപ്പെടുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആലപ്പുഴയിലെ യാര്‍ഡില്‍ 20 വാഗണുകളേ എത്തിയുള്ളൂ. ഒരു വാഗണ്‍ എവിടെയെന്ന ചോദ്യത്തിന് കാണാതെ പോയെന്നായിരുന്നു റെയില്‍വെയുടെ വിശദീകരണം. കാണാതെ പോയ ആ വാഗണാണ് ഇപ്പോള്‍ കറങ്ങി തിരിഞ്ഞ് സ്ഥലത്തെത്തിയത്.

യാത്രക്കിടെ വാഗണ് ചില സാങ്കേതിക തകരാറുകള്‍ ഉണ്ടായപ്പോള്‍ അത് പരിഹരിക്കാനായി നിര്‍ത്തിയിടേണ്ടി വന്നുവെന്നാണ് ഇപ്പോള്‍ റെയില്‍വെ നല്‍കുന്ന വിശദീകരണം. ഏതായാലും സംഭവത്തെ കുറിച്ച് അന്വേഷണത്തിന് റെയില്‍വെ ഉത്തരവിട്ടു.

60 ടണ്‍ ഗോതമ്പിന്റെ നഷ്ടം റെയില്‍വെ നല്‍കണമെന്നാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ( എഫ് സി ഐ ) ആവശ്യം.

ഉപയോഗശൂന്യമായ ഗോതമ്പ് ആലപ്പുഴ എഫ്‌സിഐ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *