Latest News

എന്താണ് പേര്: വിങ് കമാൻഡർ അഭിനന്ദൻ! ശത്രുവലയത്തിൽ ചങ്കുറപ്പോടെ ഇന്ത്യൻ സിംഹം…

ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം, അഭിനന്ദൻ വർധമാൻ. പാക്കിസ്ഥാനിൽ നിന്നു പുറത്തു വരുന്ന വിവിധ വീഡിയോ ദൃശ്യങ്ങളിൽ തെളിയുന്നത് അഭിനന്ദന്റെ പതറാത്ത മുഖവും ശബ്ദവും.

ഇന്ത്യയെ വെല്ലുവിളിക്കുക എന്ന ഏക ലക്ഷ്യത്തോടെയാണു പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങൾ ഇന്നലെ വ്യോമാതിർത്തി ലംഘിച്ചു കടന്നുകയറിയത്. അവയെ തടയാൻ അവന്തിപ്പുര വ്യോമതാവളത്തിൽ നിന്ന് അഭിനന്ദനുൾപ്പെടെയുള്ള വ്യോമസേനാ സംഘം മിഗ് 21ൽ പാഞ്ഞു.

ഇന്ത്യൻ സേനാ സംഘത്തെ പ്രകോപിപ്പിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് പിന്തുടർന്നു. ഇതിനിടെ പാക്ക് വിമാനങ്ങളിലൊന്നിനെ ഇന്ത്യ വെടിവച്ചു വീഴ്ത്തി. മറ്റുള്ളവയെ പിന്തുടർന്ന് നിയന്ത്രണ രേഖയ്ക്കു സമീപമെത്തിയ അഭിനന്ദന്റെ വിമാനത്തിനു നേരെ ആക്രമണമുണ്ടായി. ഉടൻ സ്വയം ഇജക്ട് ചെയ്ത അഭിനന്ദൻ വനമേഖലയിൽ പതിച്ചുവെന്നാണ് ഇതു സംബന്ധിച്ചു പുറത്തുവന്ന വിഡിയോ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.

സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി തുടങ്ങിയ അഭിനന്ദൻ പിന്നീടാണ് മിഗ് 21 ബൈസൺ സ്ക്വാഡ്രന്റെ ഭാഗമാകുന്നത്. ശ്രീനഗർ വ്യോമതാവളത്തിലായിരുന്നു പോസ്റ്റിങ്.

ക്ഷമിക്കൂ! എല്ലാം പറയാനാവില്ല

മേജർ: എന്താണ് പേര്?

അഭിനന്ദൻ: വിങ് കമാൻഡർ അഭിനന്ദൻ

മേജർ: താങ്കളോടു ഞങ്ങൾ മാന്യമായാണു പെരുമാറിയതെന്നു കരുതുന്നു?

അഭിനന്ദൻ: അതേ. ഇക്കാര്യം ഞാൻ ശരിവയ്ക്കുന്നു. എന്റെ രാജ്യത്തു മടങ്ങിപ്പോകാൻ സാധിച്ചാലും ഇതു ഞാൻ മാറ്റിപ്പറയില്ല. പാക്കിസ്ഥാൻ സേനയിലെ ഓഫിസർമാർ എന്നോടു നന്നായാണു പെരുമാറിയത്. എന്നെ പ്രദേശവാസികളിൽ നിന്നു രക്ഷിച്ച ക്യാപ്റ്റൻ മുതൽ ചോദ്യം ചെയ്തവർ വരെ മാന്യമായാണു പെരുമാറിയത്. പാക്ക് സേനയുടെ പെരുമാറ്റത്തിൽ ഞാൻ സന്തുഷ്ടനാണ്.

മേജർ: താങ്കൾ ഇന്ത്യയിൽ എവിടെ നിന്നാണ്.

അഭിനന്ദൻ: അക്കാര്യം ഞാൻ താങ്കളോടു പറയേണ്ടതുണ്ടോ? ഞാൻ തെക്കൻ മേഖലയിൽ നിന്നുള്ളയാളാണ്.

മേജർ: താങ്കൾ വിവാഹിതനാണോ?

അഭിനന്ദൻ: അതേ.

മേജർ: താങ്കൾക്കു ചായ ഇഷ്ടപ്പെട്ടുവെന്നു കരുതുന്നു.

അഭിനന്ദൻ: അതേ. നന്ദി.

മേജർ: ഏത് വിമാനമാണ് താങ്കൾ പറത്തിയിരുന്നത്?

അഭിനന്ദൻ: ക്ഷമിക്കൂ മേജർ. അക്കാര്യം ഞാൻ താങ്കളോടു പറയില്ല. തകർന്നു വീണ വിമാനത്തിന്റെ ഭാഗങ്ങൾ താങ്കൾ ഇതിനകം കണ്ടെത്തിയിരിക്കുമല്ലോ?

മേജർ: എന്തായിരുന്നു താങ്കളുടെ ദൗത്യം?

അഭിനന്ദൻ: അക്കാര്യം താങ്കളോടു പറയാൻ ഞാൻ ബാധ്യസ്ഥനല്ല.

Leave a Reply

Your email address will not be published. Required fields are marked *